റിയാദ്: സൗദി അറേബ്യയുടെ ആഭ്യന്തര സഹമന്ത്രി ലെഫ്റ്റനന്റ് ജനറൽ സഈദ് ബിൻ അബ്ദുല്ല അൽഖഹ്താനി അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരിക്കെയാണ് അന്ത്യം.
ആഭ്യന്തര മന്ത്രാലയം എക്സ് അക്കൗണ്ട് പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്. മയ്യിത്ത് നമസ്കാരം റിയാദിലെ കിംഗ് ഖാലിദ് ഗ്രാൻഡ് മോസ്കിൽ അസർ നമസ്കാരത്തിന് ശേഷം നടന്നു.
ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ് നമസ്കാരത്തിൽ പങ്കുചേരുകയും സൗദി ഭരണനേതൃത്വത്തിന്റെ അനുശോചനം കുടുംബത്തെ അറിയിക്കുകയും ചെയ്തു.
പ്രിസൺ ജനറൽ ഡയറക്ടറേറ്റ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി സുപ്രധാന വകുപ്പുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു.
വർഷങ്ങളോളം മിനായിലെ ഇൻവെസ്റ്റിഗേഷൻ യൂണിറ്റുകളെ നയിച്ച അദ്ദേഹം മക്ക റീജണൽ പോലീസ് ഡയറക്ടറായും പബ്ലിക് സെക്യൂരിറ്റി ഡയറക്ടറായും മികവ് തെളിയിച്ചു.